പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ചിലയിടത്ത് റെഡ് കാബേജ് എന്നും ഇതിനെ വിളിക്കാറുണ്ട്. പോഷക സമ്പന്നവും സസ്യ സംയുക്തങ്ങൾ നിറഞ്ഞതുമാണ് ഈ പർപ്പിൾ കാബേജ്. കണ്ണുകൾക്ക് ആരോഗ്യമേകുന്നതു മുതൽ അർബുദം തടയാൻ വരെ ഇത് വളരെ ഉപയോഗപ്രദമാണ്.
89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ പ്രോട്ടീൻ, ജീവകം സി, കെ, എ, മാംഗനീസ്, ജീവകം B6, ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം ഇവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. പർപ്പിൾ കാബേജിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.
ഇതിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകി കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. നാരുകളും ജീവകങ്ങളും ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്ന ഇവയിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക് പർപ്പിൾ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം. പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും.
പർപ്പിൾ കാബേജിൽ അടങ്ങിയ സൾഫർ കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഈ കാബേജ് ദഹനത്തിനും മികച്ചതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പർപ്പിൾ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും ഇത് സഹായിക്കും. ഇതൊന്നും കൂടാതെ ആരോഗ്യപരമായി അൾസറിനെ നിയന്ത്രിക്കാനും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും, അർബുദം തടയാനും, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, രക്തം ശുദ്ധമാക്കാനും, രക്താതിമർദം നിയന്ത്രിക്കുന്നതിനും പർപ്പിൾ കാബേജ് സഹായകമാണ്.
STORY HIGHIGHT: health benefits of beautiful purple cabbage