പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) നെയാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് നവംബര്‍ 5ന് കോടതി വിധിച്ചിരുന്നു.
2021 ഏപ്രില്‍ 5ന് പത്തനംതിട്ട കുമ്പഴയിലെ വാടകവീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ക്രൂരമായ പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായിട്ടാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനവും നെഞ്ചിനേറ്റ ക്ഷതവുമാണ് മരണക്കാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ശരീരത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.
കുട്ടിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സ്വന്തം അമ്മയാണ് കുട്ടിയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു ഇയാള്‍. തമിഴ്നാട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരിന്നു. 2021 ജൂലായ് 5 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.