ലൈംഗികാതിക്രമക്കേസില്‍ തനിക്കെതിരേ മാധ്യമവിചാരണയ്ക്ക് അവസരം ഒരുക്കുകയാണ് പൊലീസെന്ന് നടന് സിദ്ദിഖ്. അന്വേഷണോദ്യോഗസ്ഥര്‍ തനിക്കെതിരേ ഇല്ലാക്കഥകള്‍ മെനയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ നടന് സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദവും കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നില നില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലും പൊലീസ് പറയുന്നുണ്ട്. ശരിയായ അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.
താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. പ്രധാന കഥാപാത്രമായി വരുന്ന ചുരുക്കം സിനിമകളേ ഉള്ളൂ. സഹവേഷങ്ങളാണ് ചെയ്തതില്‍ അധികവും. ഡബ്ല്യു സിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്കു മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിരുന്നില്ലെന്നും സിദ്ദിഖ് ആരോപിക്കുന്നു.