ലാഫിങ് ഗ്യാസ് അഥവാ ചിരിവാതകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ…നൈട്രസ് ഓക്‌സൈഡ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ വിരുതൻ വാതകത്തെ പോലീസുകാർ മുതൽ ഡോക്ടർമാർ വരെ ഉപയോഗിക്കുന്നു. പ്രതിഷേധക്കാരെ ഓടിക്കാൻ ഒരുകൂട്ടർ ഉപയോഗിക്കുമ്പോൾ മറ്റൊരു കൂട്ടർ ശസ്ത്രക്രിയ സുഗമമാക്കാൻ ഉപയോഗിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഈ വാതകം ശ്വസിക്കുന്നവർ ചിരിച്ചുകൊണ്ടേയിരിക്കും. കാരണമില്ലാതെ ഇവർക്ക് സന്തോഷം അനുഭവപ്പെടും. എന്നാൽ അളവിത്തിരി കൂടിയാൽ മരണകാരണമാകുകയും ചെയ്യും. അത്‌കൊണ്ട് തന്നെ മയക്കുമരുന്നിന്റെ ഗണത്തിലാണ് ഈ ഗ്യാസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വാതകം ശ്വസിക്കുമ്പോൾ ഇത് ശ്വാസകോശത്തിലെത്തി ഓക്‌സിജനെ പോലെ നേരിട്ട് രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന നൈട്രസ് ഓക്‌സൈഡ് തലച്ചോറിൽ എത്തുന്നു. തലച്ചോറിൽ പ്രത്യേക റീസെപ്റ്ററുകൾ ഉണ്ട്. ഓരോ നാഡി റീസെപ്റ്ററുകൾക്കും ഓരോ പ്രവർത്തനങ്ങൾ ഉണ്ടാകും. ഇവ നൈട്രസ് ഓക്‌സൈഡിനെയും സ്വീകരിക്കുന്നു. ഈ റീസെപ്റ്ററുകൾ പിന്നെ നമുക്ക് സന്തോഷിക്കാൻ ഉള്ള വിവരം ശരീരത്തിന് കൊടുക്കുന്നു. ഒരു സമാധാനവും ,ശാന്തവും ആയ മനസ്സ് ആക്കി മാറ്റുന്നു.സന്തോഷം തോന്നുന്നു ഒപ്പം ചിരിയും വരുന്നു.
ഈ ഗംഭീര വാതകം ഉത്പാദിപ്പിക്കാൻ കഴിയുന്ന ജീവികളുമുണ്ട് ഈ ഭൂലോകത്ത്, പെൻഗ്വിനുകളാണവ. അന്റാർട്ടിക്കയിലെ കിങ് വിഭാഗത്തിൽപ്പെടുന്ന പെൻഗ്വിനുകളാണ് ഈ കഴിവിൽ കേമന്മാർ. പെൻഗ്വിനുകളുടെ വിസർജ്യങ്ങളിൽ നിന്നാണ് നൈട്രസ് ഓക്‌സൈഡ് വലിയ തോതിൽ അന്തരീക്ഷത്തിലേക്കെത്തുന്നത്. അന്റാർട്ടിക്കയിൽ ഗവേഷണത്തിനെത്തിയവരാണ് പെൻഗ്വിനുകളുടെ ഈ കഴിവ് ആദ്യം അനുഭവിച്ചറിഞ്ഞത് പെൻഗ്വിനുകളുടെ കോളനിയിലെത്തിയ സംഘത്തിന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മുൻപ് എങ്ങുമില്ലാത്ത പോലെയുള്ള അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ നൂല് പൊട്ടിയ പട്ടം പോലെയായി പലരുടെയും അവസ്ഥ. പലർക്കും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങി. ഒടുവിൽ വിശദമായി പഠനം നടത്തിയപ്പോഴാണ് പെൻഗ്വിനുകളുടെ വിസർജ്യത്തിൽ നിന്നുള്ള ലാഫിങ് ഗ്യാസ് കാരണമാണ് ഇതെന്ന് വ്യക്തമായത്.

എന്തുകൊണ്ടാണ് പെൻഗ്വിനുകളിൽ നൈട്രസ് ഓക്‌സൈഡ് വ്യാപകമായി കാണപ്പെടുന്നത് ? വലിയ തോതിൽ നൈട്രജൻ അടങ്ങിയിട്ടുള്ള ജീവികളാണ് മത്സ്യങ്ങളും ,ക്രില്ലുകളും. ഇവയെ പ്രധാന ഭക്ഷണമാക്കുന്ന ജീവികളിൽ കരയിൽ വിസർജിക്കുന്ന രണ്ട് ജീവികളാണ് പെൻഗ്വിനും, സീലുകളും. അതിനാൽ തന്നെ സീലുകളുടെ വിസർജ്യത്തിലും നൈട്രസ് ഓക്‌സൈഡിൻറെ അംശമുണ്ടാകാറുണ്ട്. എന്നാൽ പെൻഗ്വിനുകളെ അപേക്ഷിച്ച് സീലുകളുടെ കൂട്ടങ്ങൾ ചെറുതായതിനാൽ ഇവ അന്തരീക്ഷത്തിൽ വലിയ മാറ്റം സൃഷ്ടിക്കാറില്ലെന്നു മാത്രം.
STORY HIGHLLIGHTS : two-creatures-with-laughing-gas
















