ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തു കൊണ്ട് രാജ്യവ്യാപകമായി പടക്കം നിരോധിക്കുന്നില്ലെന്ന ചോദ്യവുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണാതീതമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാന്മാരായിരിക്കുക എന്ന പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കും. നിര്‍ദിഷ്ട സമയത്ത് മാത്രം എന്തു കൊണ്ട് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വര്‍ഷം മുഴുവന്‍ മലിനീകരണം ഉള്ള സാഹചര്യത്തില്‍ എന്തു കൊണ്ടാണ് കുറച്ചു മാസങ്ങള്‍ മാത്രം നിയന്ത്രണമെന്നും കോടതി ചോദിച്ചു. പടക്കങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹി സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
നവംബര്‍ 25നു മുന്‍പ് ഒരു വര്‍ഷത്തേക്ക് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്നും പടക്കം പൊട്ടിക്കുന്നത് മൗലികാവകാശമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.