സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയ സിവില്‍ സര്‍വീസ് വിവാദത്തില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മേലുദ്യോഗസ്ഥരെ വിമര്‍ശിച്ചതിന് എന്‍. പ്രശാന്തിനും മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് കെ. ഗോപാലകൃഷ്ണനും എതിരേയാണ് നടപടി. ഇരുവര്‍ക്കുമെതിരേ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
സംസ്ഥാന സര്‍ക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ 2 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടി വേണമെന്നാണ് എന്‍.പ്രശാന്ത്, കെ.ഗോപാലകൃഷ്ണന് എന്നിവര്‍ക്കെതിരെയുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണന് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണന് മുന്‍പു നല്കിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.
പ്രശാന്ത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സമൂഹമാധ്യമത്തിലൂടെ അഡിഷനല്‍ ചീഫ് സെക്രട്ടറിയെ തുടര്‍ച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. എ.ജയതിലകിനെ വിമര്‍ശിച്ചും അധിക്ഷേപം ചൊരിഞ്ഞും ഇന്നലെയും സമൂഹമാധ്യമത്തില്‍ പ്രശാന്ത് കുറിപ്പിട്ടിരുന്നു. ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജനും വ്യക്തമാക്കിയിരുന്നു.
കളക്റ്റര്‍ ബ്രോ എന്നറിയപ്പെടുന്ന കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത്, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ നടത്തിയ പരസ്യ വിമര്‍ശനവും അധിക്ഷേപവുമാണ് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായി വ്യാഖ്യാനിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ നാണക്കേടിലാക്കും വിധം ഫെയ്സ്ബുക്കില്‍ നടത്തിയ വിഴുപ്പലക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
പ്രശാന്തിന്റെ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലുള്ളതായതിനാല്‍ പ്രശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലായിരിക്കേ തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ചേരിപ്പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
അതേസമയം, മലയാളികളായ ഹിന്ദു ഐഎഎസ് ഓഫീസര്‍മാരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് വ്യവസായ വകുപ്പ് ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണനെതിരായ നടപടിക്കു കാരണം. ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിലുള്പ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഫോണ്‍ ഹാക്കിങ് ആണെന്നുമുള്ള ഗോപാലകൃഷ്ണന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടിക്കാണ് ശുപാര്‍ശ ചെയ്തിരുന്നത്.
മല്ലു ഹിന്ദു ഒഫീഷ്യല്‍സ് എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ, പൊലീസില്‍ പരാതി നല്കിയ ഗോപാലകൃഷ്ണന് മൊബൈലുകള്‍ ഫോര്‍മാറ്റ് ചെയ്തതും തിരിച്ചടിയായി. മെറ്റയുടെയും ഫോറന്‍സിക് ലാബിലെയും പരിശോധനയും ഹാക്കിങ് വാദം തള്ളിയതിനാല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.