മണിപ്പൂരിലെ ജിരിബാമില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ 10 കുക്കി സായുധ വിഭാഗക്കാരെ സിആര്‍പിഎഫ് വധിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ആക്രമണം നടന്നത. ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, സിആര്‍പിഎഫ് തിരിച്ചടിച്ചെന്നും അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന് ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം, കുക്കി വിഭാഗക്കാര്‍ ബോറോബെക്ര പോലീസ് സ്റ്റേഷന് ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് തിരിച്ചടിച്ചിരുന്നു.
സായുധരായ ഇവര്‍ ജകുരധോറിലെ മെയ്തേയ് സമുദായത്തിന്റെ മൂന്ന്-നാല് വീടുകള്‍ക്കും തീയിട്ടു. മണിപ്പൂരിലെ അക്രമം മൂന്നാം ദിവസവും തുടരുന്നതിനിടെ ഞായറാഴ്ച ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സനസാബിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ മഹാര്‍ 4 റെജിമെന്റിലെ ഒരു ജവാന് വെടിയേറ്റു.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്, സനാസബി ലൗക്കോളിലെ മെയ്തേയ് ജനവാസ മേഖലയിലും സമീപത്തെ തമ്നപോക്പി ഗ്രാമത്തിലും നെല്ല് കൊയ്തുകയായിരുന്ന കര്‍ഷകരെ കുക്കി വിഭാഗക്കാര്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) 4-ാം മഹര്‍ റെജിമെന്റിലെയും 119-ാം ബറ്റാലിയനിലെയും ഉദ്യോഗസ്ഥരും ഇംഫാല്‍ ഈസ്റ്റ് ജില്ലാ പോലീസും ആക്രമണത്തിന് മറുപടി നല്കി. ഇത് 40 മിനിറ്റ് നീണ്ട വെടിവയ്പ്പിലേക്ക് നയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ട് സാധാരണക്കാരുടെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ ആഴ്ചയുടെ തുടക്കത്തില്‍ മേഖലയില്‍ അക്രമം രൂക്ഷമായിരുന്നു. ജിരിബാം ജില്ലയില്‍ 31 കാരിയായ സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെ ബിഷ്ണുപൂര്‍ ജില്ലയില്‍ നെല്‍വയലില്‍ ജോലി ചെയ്തിരുന്ന 34 കാരിയായ സ്ത്രീ വെടിയേറ്റ് മരിച്ചു.
ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍, ശനിയാഴ്ച രാത്രി സുരക്ഷാ സേനയും കുക്കി വിഭാഗക്കാരെന്ന് സംശയിക്കുന്നവരും തമ്മില്‍ തമ്നപോക്പിയിലും സനസാബിയിലും കനത്ത വെടിവയ്പ്പ് നടന്നു. രാത്രി 9.30 ഓടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു. സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര് കൊല്ലപ്പെട്ടു.