വളരെ രുചികരമായ ഒരു നാലുമണി പലഹാരമാണ് കൈപ്പോള. ഏത്തപ്പഴവും മുട്ടയും ഉണ്ടെങ്കിൽ രുചികരമായ കൈപ്പോള എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. രണ്ട് ഏത്തപ്പഴം എടുത്ത് ചെറുതായി അരിഞ്ഞു മാറ്റിവയ്ക്കുക. രണ്ട് കോഴി മുട്ട അല്പം ഏലയ്ക്കാപ്പൊടി കാൽ ഗ്ലാസ് പാൽ എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് അല്പം നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മാറ്റി വയ്ക്കുക. അതേ നെയ്യിലേക്ക് തന്നെ അരിഞ്ഞു മാറ്റിവെച്ച ഏത്തപ്പഴവും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്ന് മാറ്റി നേരത്തെ തയ്യാറാക്കി വെച്ച കോഴിമുട്ട മിശ്രിതവുമായി ചേർത്ത് ഇളക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി, വറുത്തു കോരി വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിനു മുകളിൽ വിതറി നന്നായി ആവിയിൽ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കേക്ക് പോലെയുള്ള രുചികരമായ ഈ പലഹാരം തയ്യാറാക്കി എടുക്കാം.