Movie News

കാത്തിരിപ്പ് അവസാനിപ്പിക്കാം; പുഷ്പ 2 ട്രെയിലര്‍ എത്താൻ ഇനി നാല് നാൾ – allu arjun movie pushpa-2 trailer

ഡിസംബര്‍ 5ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ ഇനി വൈകാതെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നു. ഡിസംബര്‍ 5ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബര്‍ 17ന് പുഷ്പ 2വിന്‍റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പാട്നയിൽ ആഘോഷമായി ട്രെയിലർ റിലീസിംഗ് ചടങ്ങും നടക്കും.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.

ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. പുഷ്പ 2 ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

STORY HIGHLIGHT: allu arjun movie pushpa-2 trailer