Travel

ഗവിയിലേക്ക് ഒരു യാത്ര പോകാം…

പത്തനംതിട്ട ജില്ലയിലെ പ്രകൃതിരമണീയമായ ഒരുസ്ഥലമാണ് ഗവി. ഗവിയിലേക്ക് പോകണമെങ്കില്‍ രാവിലെ 11.00 മണിക്ക് മുന്‍പായി ആങ്ങമൂഴി ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തേണ്ടതാണ്. നേരത്തെ ഓണ്‍ലൈന്‍ വഴി ബുക്കിങ് നടത്തിയ വാഹനങ്ങള്‍ 11.00 മണിക്ക് മുന്‍പ് എത്തിച്ചേര്‍ന്നില്ലെങ്കില്‍ അവയുടെ ബുക്കിങ് അധികൃതര്‍ റദ്ദാക്കും. ആങ്ങമൂഴിയില്‍ നിന്നും അടുത്ത് എന്‍ട്രി പാസ് നിങ്ങള്‍ക്ക് ലഭിക്കും. അതുമായി വേണം യാത്ര തുടരുവാന്‍. ആങ്ങമൂഴിയില്‍ നിന്ന് ഗവിയിലേക്ക് കാടിനുള്ളിലൂടെ 67 കിലോമീറ്റര്‍ ദൂരമുണ്ട്. വനത്തിനുള്ളിലൂടെ പോകുന്ന യാത്രയില്‍ വാഹനത്തിന്റെ കണ്ടീഷനും ഫിറ്റ്‌നസും പ്രത്യേകം ശ്രദ്ധിക്കണം. ദുര്‍ഘടമായ പാതയാണിത്. ആങ്ങമൂഴിയില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് ഉച്ചയ്ക്ക് 2.30 ന് മുന്‍പായി കടന്നുപോകേണ്ടതാണ്. മാത്രമല്ല, ആങ്ങമൂഴി വഴി ഗവിയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ വൈകിട്ട് 6.00 മണിയ്ക്കു മുന്‍പായി വള്ളക്കടവ് ചെക്ക്‌പോസ്റ്റ് വഴി കടന്നുപോകേണ്ടതാണ്. നിങ്ങള്‍ ഗവിയില്‍ ചെന്ന ശേഷം ഇതേ റൂട്ടില്‍ തിരികെ പത്തനംതിട്ടയ്ക്ക് വരാന്‍ സാധിക്കില്ല. പകരം ഗവിയില്‍ നിന്ന് പുല്ലുമേട് റോഡ്- വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടില്‍ ( വണ്ടിപ്പെരിയാറില്‍ നിന്ന് കെകെ റോഡ് വഴി) വേണം മടക്കയാത്ര നടത്തുവാന്‍.

ആങ്ങമൂഴി ചെക്ക് പോസ്റ്റ് മുതല്‍ പൂര്‍ണമായും വനമേഖലയാണ്. ഈ വനത്തിന്റെ ഓരോ ഭാഗത്തും വന്യമൃഗങ്ങള്‍ ഉണ്ട്. അവിടെ വാഹനം നിര്‍ത്താന്‍ പറ്റുന്നത് മൂഴിയാര്‍ ഡാമിലാണ്. മൂഴിയാര്‍ ഡാമില്‍ നല്ല കാഴ്ചകളുണ്ട്. പെന്‍സ്റ്റോക്ക് പൈപ്പ് ദൂരെ നിന്നേ കാണാം. ഇതു കഴിഞ്ഞ് മുന്നോട്ട് വരുമ്പോഴാണ് ശബരിഗിരി ഇലക്ട്രിക് പ്രോജക്ട്. മൂഴിയാര്‍ ഡാം ശബരിഗിരി പദ്ധതിയുടെ ഭാഗമാണ്. മൂഴിയാര്‍ ഡാം കഴിഞ്ഞു വരുന്നത് കക്കി ഡാം ആണ്. മനോഹരമായ കാഴ്ചകളാണ്, അതൊക്കെ വണ്ടി നിര്‍ത്തിത്തന്നെ കാണണം.

യാത്രയിലെ മാനോഹരമായ കാഴ്ചയാണ് കക്കി ഡാമിന്റെ ക്യാച്‌മെന്റ് ഏരിയ. മൂഴിയാര്‍ പവര്‍ഹൗസിേലക്കു കൊണ്ടു പോകാന്‍ വേണ്ടി കക്കി ഡാമില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാണ്. വെള്ളം കുറവുള്ള സമയത്തു ദ്വീപുകള്‍ തെളിഞ്ഞു കാണാന്‍ പറ്റും. ഇതിനകത്തേക്കൊന്നും പ്രവേശനം ഇല്ല. റോഡിന്റെ അരികില്‍നിന്നു വേണം കാണാന്‍. കൂടുതല്‍ താഴേക്ക് ഇറങ്ങരുത്. കാരണം തെന്നി താഴേക്കു വീഴാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ എതിര്‍ വശത്ത് ആകാശം മുട്ടി നില്‍ക്കുന്ന പുല്‍മേടാണ്. ഈ പുല്‍മേടിനകത്ത് മ്ലാവ്, കാട്ടുപോത്ത്, ആനകള്‍ എന്നിവയുണ്ടാകും.

കക്കി ഡാം കണ്ട് മുന്‍പോട്ട് വരുമ്പോഴാണ് എക്കോ പോയിന്റ്. കക്കി ഡാം പണിയാന്‍ വേണ്ടി പാറകള്‍ പൊട്ടിച്ചു കൊണ്ടു പോയ സ്ഥലമാണ് എക്കോ പോയിന്റ്. ഇവിടെനിന്ന് ശബ്ദം ഉണ്ടാക്കിയാല്‍ മൂന്ന് പ്രാവശ്യം എക്കോ ഉണ്ടാക്കും. ഇതിനു മുകളിലും കാട്ടുപോത്തൊക്കെ മേഞ്ഞു നടക്കുന്നതു കാണാം. ബഹളം വച്ചാല്‍ അവ മാറിപ്പോകും. ഉച്ചകഴിഞ്ഞാല്‍ എപ്പോഴും മഞ്ഞുമൂടിക്കിടക്കും. ഇവിടെ വന്ന് ആള്‍ക്കാര്‍ ചിത്രങ്ങളൊക്കെ എടുക്കുന്നതു പതിവാണ്. ഇതും വാഹനത്തില്‍ നിന്നും ഇറങ്ങി കാണേണ്ട ഒരു കാഴ്ചയാണ്. മുന്നോട്ട് വരുമ്പോള്‍ ആനത്തോട് ഡാം.

ആനത്തോട് ഡാം ശബരിഗിരി പദ്ധതിക്കു വേണ്ടി വെള്ളം കൊണ്ടുപോകുന്ന പ്രധാനപ്പെട്ട ഒരു ഡാമാണ്. ഈ ഡാമിനാണ് ഷട്ടര്‍ ഉള്ളത്. 2018 െല വെള്ളപ്പൊക്കത്തില്‍ നമ്മുടെ നാടും നഗരവും എല്ലാം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ കാലഘട്ടമായിരുന്നു. ഈ ഡാമിന്റെ ഷട്ടറാണ് അന്നു തുറന്നു വിട്ടത്. 980 അടിക്കു മുകളിലേക്ക് വെള്ളം എത്തിയപ്പോഴേക്കും രാത്രി തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായി. ഈ വെള്ളം താഴേക്ക് ഒഴുകി പോകുന്നത് പമ്പ ത്രിവേണിയിലേക്കാണ്. അവിടെ നിന്നു പമ്പാ നദിയിലൂടെ ഈ വെള്ളം നാട്ടിന്‍പുറങ്ങളിലേക്കെത്തിയതാണ് വലിയൊരു പ്രളയത്തിന് ഇടയാക്കിയത്.

ആനത്തോടില്‍ നിന്നും നേരെ ഗവിയിലേക്ക്, അവിടെ പ്രത്യേകിച്ച് ഒന്നും തന്നെ കാണാന്‍ ഇല്ല. ഇത്രയും യാത്ര കഴിഞ്ഞസ്ഥിതിക്ക് അവിടെ റെസ്റ്റ് ചെയ്യണമെങ്കില്‍ അവിടെ താമസിക്കാന്‍ ചെറിയ സൗകര്യങ്ങള്‍ ഉണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തുവേണം ഗവിയിലേക്ക് യാത്ര പുറപ്പെടാന്‍.

സ്വന്തം വാഹനത്തില്‍ ഗവിയിലേക്ക് എത്തണമെന്നുണ്ടെങ്കില്‍ ആദ്യം ഓണ്‍ലൈനില്‍ ഒരു പാസ് റജിസ്റ്റര്‍ ചെയ്യണം. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ചെക്‌പോസ്റ്റില്‍ നിന്നാണ് ആ പാസ് കിട്ടുന്നത്. ഇവിടെനിന്ന് മൂന്നു ദിവസം മുന്‍പ് പാസ് എടുത്തതിനു ശേഷം വേണം നമ്മള്‍ ആങ്ങമൂഴിയിലെ ചെക്‌പോസ്റ്റ് കടന്നു പോകേണ്ടത്. ഒരു ദിവസം 30 വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്കുകയുള്ളൂ. മുതിര്‍ന്നവര്‍ക്ക് 70 രൂപയും വിദേശികള്‍ക്ക് 140 രൂപയും ആണ് ഫീസ്. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ടിക്കറ്റ് കൗണ്ടര്‍ ആണ് എന്‍ട്രി പോയിന്റ്. രാവിലെ 6.30 മുതല്‍ 11.00 വരെ മാത്രമേ ഇതുവഴി സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. കൂടാതെ പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലും യാത്ര പോകാം.