മലയാള സിനിമയിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്. ഏതൊരാളയും പോലെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം അശോകനും കണ്ടു. അങ്ങനെ വീട് പണിതു, തനിക്ക് മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിതന്ന ചിത്രമായ പഞ്ചാബി ഹൗസിന്റെ ഓര്‍മക്കായി ആ പേര് തന്നെയാണ് വീടിനും അശോകന് നല്കി. എന്നാല്‍ വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞുള്ളു. വീടിന്റെ ഫര്‍ണിഷിങ്, ഫ്ലോറിങ് ഘട്ടത്തില്‍ അത് ചെയ്തവര്‍ വരുത്തിയ പിഴവുകള്‍ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞു.
ഇതിനെതിരെ ഉപഭോക്തൃ കോടതിയില്‍ താരം നല്കിയ കേസ് അടുത്തിടെയാണ് വിധിയായത്. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പിഴവുകള്‍ വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ ദുരവസ്ഥ പലപ്പോഴായി വാര്‍ത്തകളില്‍ വന്നിരുന്നുവെങ്കിലും അതിന്റെ ഭീകരാന്തരീക്ഷം എത്രത്തോളമാണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത് ഇപ്പോഴാണ്.
വീടിന്റെ ഫര്‍ണിഷിങ്, ഫ്ലോറിങ് ഘട്ടത്തില്‍ സംഭവിച്ച പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഫര്‍ണിഷിങ് പൂര്‍ത്തിയായി കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു.മുകളില്‍ കയറി നോക്കുമ്പോള്‍ ഒരു ഫ്ലോര്‍ ടൈല്‍ പൊട്ടി പൊങ്ങിനില്‍ക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ച് പറഞ്ഞു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ വന്നത്. വന്നവര്‍ വീണ്ടും ലേബര്‍ ചാര്‍ജും മെറ്റീരിയല്‍ ചാര്‍ജും ചോദിച്ചു. ഞാന്‍ സമ്മിതിച്ചില്ല. അവര്‍ മടങ്ങി.
അങ്ങനെയാണ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുക്കുന്നത്.പിന്നീട് മറ്റിടങ്ങളിലെ ടൈലുകളും പൊട്ടിപ്പൊളിയാന്‍ തുടങ്ങി. വിടവുകളില്‍ക്കൂടി വെള്ളവും മറ്റും വരാനും തുടങ്ങി. എല്ലാമുറികളിലെയും ടൈലുകള്‍ ഇളകി. നടക്കാന്‍ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ കബോര്‍ഡുകള്‍ എല്ലാം നശിച്ചു. പരാതിപ്പെട്ടതോടെ കണ്‍സ്യൂമര്‍ കോര്‍ട്ട് കമ്മീഷനെ വെച്ചു. അവര്‍ വന്ന് പരിശോധിച്ച് ടൈല്‍ സാംപിള്‍ ശേഖരിച്ച് കൊണ്ടുപോയി.
ടൈല്‍ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തല്‍. എന്റേത് നല്ലൊരു വക്കീലായിരുന്നു.അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്തതുകൊണ്ടാണ് വിജയം കിട്ടിയത്. കോടതി വിധി വന്നതിനാല്‍ വീട്ടില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.