കുന്നംകുളത്ത് ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്നും എട്ട് പവന് സ്വര്‍ണ്ണം മോഷ്ടിച്ചു. മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോള്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്. സ്വര്‍ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതര സംസ്ഥാനക്കാര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അതില്‍ നിന്ന് ലഭിച്ചത്.തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്കി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കുട്ടികളുടെ മോതിരം ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച വൈകുന്നേരം രണ്ടരയോടെ രണ്ട് ഇതര സംസ്ഥാനക്കാര്‍ ജ്വല്ലറിയിലേക്ക് വന്നത്. സ്ഥാപനത്തിലെ ജീവനക്കാരന് മോതിരങ്ങള്‍ കാണിച്ചു കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ജീവനക്കാരന് അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് ഇടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാത്രി കട അടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുമ്പോള്‍ മാത്രമാണ് മോഷണം നടന്ന വിവരം കടയിലുണ്ടായിരുന്നവര്‍ അറിയുന്നത്.