ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍. വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ പി വി അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാന്‍ നില്‍ക്കുന്നത്.
ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫെന്നും അന്‍വര്‍ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചത്. ഈ മണ്ഡലത്തില്‍ ആരും ജയിക്കില്ല. തങ്ങള്‍ കോടതിയില്‍ പോകും. ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.