വയനാടും ചേലക്കരയും വിധി നിര്‍ണയിക്കാന്‍ ജനം പോളിംഗ് ബൂത്തിലേയ്ക്ക് എത്തുകയാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര മണ്ഡലത്തില്‍ 6-ഉം വയനാട്ടില്‍ 16-ഉം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സുരക്ഷയെ മുന്‍നിര്‍ത്തി മണ്ഡലത്തില്‍ പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന് പട്രോളിങും നടത്തും.
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാത്ഥിയും ദേശീയ നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് കോട്ടകളുടെ ആത്മവിശ്വാസം. എന്നാല്‍ അവിടെ അട്ടിമറി വിജയം സാധ്യമാക്കാമെന്നാണ് ഇടതുപക്ഷം സത്യന് മൊകേരിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ഇവര്‍ക്കിടയിലേയ്ക്ക് അത്രതന്നെ ശുഭാപ്തി വിശ്വാസത്തോടെയാണ് എന്‍ഡിഎ സ്ഥാമനാര്ത്ഥി നവ്യ ഹരിദാസും എത്തുന്നത്.
16 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുമെങ്കിലും വയനാട്ടില്‍ മത്സരം ഈ മൂന്ന് മുന്നണികള്‍ തമ്മിലാണ്. ചേലക്കരയില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലോക്സഭാ തിരഞ്ഞെടുപ്പ് തേല്വിക്കുള്ള മറുപടി നല്‍കാനാണ് ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് അരികിലേയ്ക്ക് എത്തിയത്. എന്നാല്‍ കെ രാധാകൃഷ്ണനെ പിന്തുണയോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് രംഗത്തിറങ്ങിയത്. ഇവര്‍ക്ക് മികച്ച മത്സരാര്ത്ഥിയാകുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്.
ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കിയിട്ടുണ്ട്. സ്ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍സിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും. ചേലക്കരയില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്.