Entertainment

‘എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഏറെ പഴികേട്ടത് അച്ഛനും അമ്മയും, വളർത്തുദോഷമെന്ന് പലരും പറയും’| Amrutha Suresh

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗായിക അമൃത സുരേഷ്. തന്റെ വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹ മോചനത്തിനും ശേഷം പലഘട്ടങ്ങളില്‍ ഗായിക അമൃത സുരേഷിന്‍റെ ജീവിതം പൊതുസമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ബാലയുമായുള്ള ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റിയും അത് നേരിട്ടതിനെ പറ്റിയും ഇപ്പോള്‍ കൂടുതല്‍ തുറന്നു പറയുകയാണ് അമൃത. എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഏറെ പഴികേട്ടത് അച്ഛനും അമ്മയുമാണെന്ന് അമൃത പറയുന്നു. വളർത്തുദോഷം എന്നാണ് പലരും പറഞ്ഞത്. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിട്ടിയ അറിവ് വെച്ചാണ് ജനങ്ങള്‍ സംസാരിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞിരുന്നില്ലെന്ന് അമൃത പറഞ്ഞു. അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിലെ ക്യു ആന്റ് എ വീഡിയോയിലാണ് അമൃതയുടെ തുറന്നു പറച്ചില്‍. എന്തുകൊണ്ട് തുറന്നുപറച്ചില്‍ ഇത്രയും വൈകി എന്നതിനും അമൃത വിഡിയോയില്‍ മറുപടി നല്‍കുന്നുണ്ട്.

‘തുറന്നു പറഞ്ഞാല്‍ വിക്ടിം കാര്‍ഡാകും. വിക്ടിം കാർഡ് കളിക്കേണ്ടെന്ന് നേരത്തെ കരുതിയിരുന്നു. പിന്നെ രണ്ട് കൈ തട്ടിയാലാണ് ശബ്ദമുണ്ടാവുക. വിവാഹ മോചന സമയത്തുള്ള കരാറായിരുന്നു പരസ്പരം ജീവിതത്തിൽ ഇടപെടുകയോ മോശം പറയുകയോ പരാമർശിക്കുകയോ മകളെ മീഡിയയ്ക്ക് മുമ്പിൽ കൊണ്ടുവരികയോ ചെയ്യില്ല എന്നത്. കോടതി നിയമം തെറ്റിക്കാൻ പാടില്ലെന്ന തീരുമാനവുമുണ്ടായിരുന്നു’. ഇക്കാരണങ്ങളാണ് തുറന്നു പറച്ചില്‍ വൈകിയതിന് കാരണമായി അമൃത പറയുന്നത്. നേരത്തെ പല കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഒരുപാട് പേരുടെ മനസിൽ ഉണ്ടായിരുന്ന തെറ്റിധാരണകൾക്ക് ഉത്തരം കിട്ടുമായിരുന്നു എന്നും അമൃത സുരേഷ് പറഞ്ഞു.