Kerala

അമിത വേഗതയിലെത്തിയ കാർ ട്രക്കിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

അമിതവേ​ഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ​ഗുനീത് സിം​ഗ് ( 19), കാമാക്ഷി സിം​ഗൽ (20), നവ്യാ ​ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ അ​ഗർവാൾ (24), ഹിമാചലിലെ ചമ്പ സ്വദേശിയായ ​ഖുണാൾ കുക്കുറേജ (23) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇവരുടെ മരണം സംഭവിച്ചു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കാറോടിച്ചിരുന്ന സിദ്ധേശ് അ​ഗർവാൾ (25) എന്ന യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. ​ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡെറാഡൂണിലെ ഒൻജിസി ചൗക്കിൽ വെച്ച് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവരിൽ രണ്ട് പേർ സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. മറ്റുള്ളവർ ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ചുവെന്ന് പൊലീസ് അറിയിച്ചു. കാർ 100 കിലോമീറ്ററിലധികം വേ​ഗതയിൽ ആയിരുന്നുെവന്നാണ് സൂചന. രാത്രിയിലെ ഒരു പാർട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു സംഘം. ഒരു ആഡംബരക്കാർ യുവാക്കളുടെ കാറിനെ അതിവേ​ഗത്തിൽ ഓവർടേക്ക് ചെയ്തു. ആ കാറിനെ പിന്നിലാക്കുന്നതിനായി ഇവർ വേ​ഗത കൂട്ടുകയായിരുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന ട്രക്കിന്റെ ഇടതുവശത്തേക്കാണ് കാർ ഇടിച്ചുകയറിയത്. ട്രക്ക് സാധാരണ വേ​ഗതയിലായിരുന്നുവെന്ന് ദക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡ്രൈവറുടെ ഭാ​ഗത്ത് പിഴവുകൾ ഇല്ലെന്നാണ് പ്രാഥമികനി​ഗമനം.