ഇ.പി ജയരാജന്റെ ആത്മകഥയെന്നും പറഞ്ഞ് പുറത്തുവന്നത് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണെന്ന് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എന്നാല്‍ ഇ.പി ജയരാജനും സി.പി.എമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. സി.പി.എമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ ഈ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കണ്ടതാണ്. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.എമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി ജയരാജന് ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്.
ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ ആളെ പാലക്കാട് മാത്രമല്ല, ചേലക്കരയിലെ വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇരുണ്ട് വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുകയാണ്. സി.പി.എമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമദ്ദേഹം പറഞ്ഞു.
ജയരാജന് നേരത്തെയും ഇങ്ങനെയൊക്കെ നേരത്തെയും പറയുന്ന ആളാണ്. ജാവദേദ്ക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബി.ജെ.പി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ഞാന്‍ ആരോപിച്ചപ്പോഴും രണ്ടു പേരും നിഷേധിച്ചു. അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തല്‍ക്കാലത്തേക്ക് പാര്‍ട്ടി നിഷേധിപ്പിച്ചിരിക്കുകയാണ് എന്നുമദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹം പറയും.
ഡി.സി ബുക്സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാന്‍ സാധിക്കുമോ? ഇ.പി ജയരാജന്റെ അനുമതി ഇല്ലാതെ കവര്‍ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നല്കാന് ഡി.സി ബുക്സിന് സാധിക്കുമോ? ആത്മകഥ പുറത്തു പോയത് എങ്ങനെയാണെന്ന് ഇ.പി ജയരാജനാണ് അന്വേഷിക്കേണ്ടത്. ഇ.പിയുടെ പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം ഇ.പി അന്വേഷിച്ചാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. അതില്‍ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ട് എന്നുമദ്ദേഹം പറഞ്ഞു .