പാപ്പു ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്ന് മൂലയില്‍ ആയിപ്പോയേനെയെന്ന് ഗായിക അമൃത. വിവാഹത്തെ തുടര്‍ന്ന് തനിക്ക് ഉണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്ന് ഗായിക വ്യക്തമാക്കി. ‘അമൃതം ഗമയ’ എന്ന യൂട്യൂബ് ചാനലില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗില്‍ സംസാരിക്കുകയായിരുന്നു അമൃത. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്കി.
‘എന്റെ ജീവിതത്തില്‍ സംഭവങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ പഴികേട്ടത് അച്ഛനും അമ്മയുമാണ്. വളര്‍ത്തുദോഷം, അവര്‍ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു ഇങ്ങനെയൊക്കെ പലരും പറഞ്ഞു. ഞാന്‍ കാരണം എന്റെ മൊത്തം കുടുംബം 14 വര്‍ഷം പഴികേട്ടു. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഞാന്‍ പറയാതിരുന്നതുകൊണ്ടും നിങ്ങള്‍ക്ക് കിട്ടിയ അറിവുകള്‍ കൊണ്ടും നിങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ഇപ്പോള്‍ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്.
മനുഷ്യര്‍ തെറ്റുകള്‍ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവും. ചിലപ്പോള്‍ എന്റെയത്രേം മണ്ടത്തരം പറ്റിയിട്ടുണ്ടാവില്ല. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല. കുറയൊക്കെ കരഞ്ഞുതീര്‍ത്തിട്ടുണ്ട്. മകള്‍ ഉള്ളതുകൊണ്ടുതന്നെ ട്രോമറ്റൈസ്ഡ് ആയിരിക്കാനുള്ള ഓപ്ഷന് ഇല്ല. സിംഗിള്‍ മോം എന്നത് തന്നെയാണ് എന്നെ ആക്ടീവായി നിര്‍ത്തിയതും. പാപ്പു ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്ന് മൂലയില്‍ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാന്‍ പണിയെടുക്കണം. ഹാപ്പിയായിട്ട് ഇരിക്കണം. ഹെല്‍ത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണം’,- അമൃത പറഞ്ഞു.