വാളയാറില്‍ കാട്ടുപന്നിയെ പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ കിഴക്കേ അട്ടപ്പള്ളം മാഹാളിക്കാട് മോഹനന് (62), മകന് അനിരുദ്ധ് (21) എന്നിവരാണ് മരിച്ചത്. ബുധന്‍ വൈകിട്ട് 6.30നാണ് അപകടം. അട്ടപ്പള്ളം സ്വദേശി ജയരാമന്റെ പണിക്കാരനായ മോഹനന് പാടത്ത് വെള്ളം തിരിക്കാനെത്തിയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാരനായ സനാദന് ഉടന്‍ മോഹനന്റെ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സ്ഥലത്തെത്തിയ അനിരുദ്ധ് അച്ഛന് വീണുകിടക്കുന്നത് കണ്ട് വെള്ളത്തിലിറങ്ങി.
ഇതോടെ ഇയാള്‍ക്കും ഷോക്കേറ്റു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടുപന്നിയെ പിടിക്കാന്‍ പാടത്തെ വൈദ്യുതി ലൈനില്‍നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി കണക്ഷന് നല്‍കിയതായി പ്രദേശവാസികള്‍ കണ്ടെത്തി. പിന്നീട് കണക്ഷന് ഓഫാക്കിയശേഷമാണ് മൃതദേഹം മാറ്റിയത്. അനധികൃതമായി വൈദ്യുതിക്കുരുക്കുവച്ചത് ആരെന്ന് കണ്ടെത്താന്‍ വാളയാര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. വാളയാര്‍ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന എന്നിവര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.