കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് പൊലീസ് മേധാവി. ഇരിങ്ങാലക്കുട കോടതിയില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കും. കൊച്ചി ഡിസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് അന്വേഷിക്കുക. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി വി കെ രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കും.
ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃശൂരിലെ ബിജെപി ഓഫീസില്‍ ആറ് ചാക്കില്‍ കുഴല്‍പ്പണം എത്തിച്ചെന്നാണ് സതീശിന്റെ വെളിപ്പെടുത്തല്‍.
14–ാം സാക്ഷിയായ തിരൂര്‍ സതീശിന്റെ മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ പണം ഇറക്കിയശേഷം ആലപ്പുഴയ്ക്ക് പോകുമ്പോഴാണ് കൊടകരയില്‍വച്ച് മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്ന് സതീശ് വെളിപ്പെടുത്തിയിരുന്നു.
പ്രത്യേക അന്വേഷകസംഘം ഉടന്‍ യോഗംചേര്‍ന്ന് ചോദ്യംചെയ്യലിനുള്ള പട്ടിക തയ്യാറാക്കും. പുതിയ വിവരംസംബന്ധിച്ച് കേന്ദ്ര ഏജന്‍സിക്ക് വീണ്ടും റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്. നേരത്തെ ഇഡിക്ക് തെളിവ് സഹിതം പൊലീസ് കത്ത് നല്‍കിയിട്ടും അന്വേഷണം നടത്തിയില്ല.