മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. മലയാലപ്പുഴ താഴം വഞ്ചിയില്‍ കുഴിപ്പടി സുധീഷ് ഭവനില്‍ പാണ്ടി ചന്ദ്രന് എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന് കുടുങ്ങിയത്. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രന്. ഹോട്ടലില്‍ പൊറോട്ട വീശുന്നതുള്‍പ്പെടെയുള്ള ജോലികളില്‍ മിടുക്കുള്ള ഇയാള്‍ ശബരിമല സീസണുകളില്‍ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്.
ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന് നായരെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനന് നായര്‍ക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയില്‍ പറങ്കിമാവ് തോട്ടത്തില്‍ ചന്ദ്രന് തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാള്‍ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. ഇതിനിടെ, ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാള്‍ ശബരിമലയിലെ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി.നായര്‍ക്കു ലഭിച്ചു. ഇയാളുടെ മകന് കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി.
ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രന് കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിയില്‍ നിന്നും പുലര്‍ച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങള്‍ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.