ഫോര്‍ട്ട്കൊച്ചിയില്‍ തകര്‍ന്നുകിടന്ന ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് വ്യക്തമായാക്കി ഹൈക്കോടതി. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. ഇത്തരം സംഭവങ്ങളെക്കുറിച്ചെല്ലാം വിദേശികള്‍ അവരുടെ രാജ്യത്തുപോയി എന്താകും പ്രതികരിക്കുക. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്താകും ചിന്തിക്കുക എന്നും കോടതി ചോദിച്ചു. നടക്കാന്‍പോലും പേടിക്കേണ്ട നാടെന്ന് മറുനാട്ടുകാര്‍ കരുതിയാല്‍ ഇവിടെയെങ്ങനെ ടൂറിസം വളരും. ടൂറിസം മാപ്പില്‍ കൊച്ചിയെ മാത്രമല്ല കേരളത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി പറഞ്ഞു.
പുതുക്കിപ്പണിയാന്‍ തുറന്നിട്ടിരുന്ന കാനയില്‍ വീണാണ് വിദേശിയായ വിനോദസഞ്ചാരിക്ക് പരിക്കേറ്റത്. അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയ കോടതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് നിർദ്ദേശം നല്കി. കൂടാതെ ഈ വിഷയത്തില്‍ അധികൃതരുടെ വിശദീകരണം തേടിയിട്ടുമുണ്ട്.
STORY HIGHLIGHT: kochi high court criticizes city infrastructure tourist injury