അടിമാലി ട്രൈബല്‍ ഹോസ്റ്റലിനു മുന്പില് കഴിഞ്ഞദിവസം വെട്ടിയിട്ട പ്ലാവ് കാണാതായി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് കാണാതായ മരം തിരിച്ച് അതേ സ്ഥലത്തെത്തിച്ചു. ഇരുമ്പുപാലം ട്രൈബല്‍ ഹോസ്റ്റലിനു മുമ്പില്‍ വെട്ടിയിട്ടിരുന്ന എണ്‍പത് ഇഞ്ച് വണ്ണമുള്ള കൂറ്റന്‍ പ്ലാവാണ് ചൊവ്വാഴ്ചയോടെ കാണാതായത്.
ഈ മരം ട്രൈബല്‍ ഹോസ്റ്റലിന് ഭീഷണിയാണെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിമാലി പഞ്ചായത്ത് മുന്‍കൈയെടുത്താണ് കഴിഞ്ഞയാഴ്ച മരം വെട്ടിയത്. തുടർന്ന് ചൊവ്വാഴ്ച ഈ മരത്തടികള്‍ കാണാതാകുകയായിരുന്നു. ബുധനാഴ്ച ഹോസ്റ്റല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി. എന്നാൽ പരാതി ലഭിച്ച് അന്വേഷണം ആരംഭിക്കുന്നതിനുമുന്പേ കാണാതായ തടികള്‍ അവിടെത്തന്നെ തിരിച്ച് എത്തിക്കുകയായിരുന്നു.
ആരാണ് തടി കയറ്റിക്കൊണ്ട് പോയതെന്ന് ഹോസ്റ്റല്‍ അധികൃതരോ പോലീസോ പറയാന്‍ തയ്യാറായിട്ടില്ല. വെട്ടിയിട്ട പ്ലാവ് തിരിച്ച് കിട്ടിയതോടെ ഹോസ്റ്റല്‍ അധികൃതര്‍ പരാതി പിന്‍വലിച്ചു. പരാതി പിന്‍വലിച്ചതോടെ പോലീസും അന്വേഷണം അവസാനിപ്പിച്ചു.
STORY HIGHLIGHT: adimaly tribal hostel missing tree stump