സൗദി അറേബ്യയിലെ താമസസ്ഥലത്ത് കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെയും ഭാര്യ പ്രീതിയെയുമാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ ബുധനാഴ്ചയാണ് സംഭവം.
ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സ്പോൺസർ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തുകയായിരുന്നു. എന്നാൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസ് സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്നതും കണ്ടത്.
മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തു വരികയാണ് ശരത്. രണ്ട് മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് ശരത് കൊണ്ടുവന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
STORY HIGHLIGHT: kollam native couple were found dead in a flat in saudi arabia