വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ വാക്പോരിലേർപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഇടത് സ്ഥാനാർഥിയായ പി സരിനും. വ്യാജവോട്ടുകളിൽ സരിന്റേതുമുണ്ടെന്ന വി ഡി സതീശന്റെ പരാമർശത്തിന്, അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ടും സമനില തെറ്റിയെന്നും മറുപടി നൽകുകയായിരുന്നു സരിൻ.
എൽഡിഎഫ് സ്ഥാനാർഥി സരിന്റെ വോട്ട് വ്യാജമാണെന്നും സരിന്റെയും ഭാര്യയുടെയും വോട്ടുകൾ ചേർത്തത് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് എന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം. തിരുവില്വാമല സ്വദേശിയായ സരിന് മത്സരിക്കാൻ വേണ്ടി ഒറ്റപ്പാലത്തും പിന്നീട് പാലക്കാടും വോട്ട് ചേർത്തു. അഡീഷണൽ ലിസ്റ്റിൽ ഏറ്റവും അവസാനം വോട്ട് ചേർത്തത് ഇവരുടേതാണ്. പട്ടികയിലെ ക്രമക്കേടിന് ഉത്തരവാദികൾ ബിഎൽഒ-മാരും സർക്കാരും റവന്യൂ വകുപ്പുമാണ് ഉത്തരവാദികളെന്നും സതീശൻ കുറ്റപ്പെടുത്തി.
വി ഡി സതീശന്റെ ആരോപണത്തിന് സരിനും മറുപടി നൽകി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് സമനില നഷ്ടപ്പെട്ടതായും, അദ്ദേഹം വ്യാജനാണെന്ന് രാഹുൽഗാന്ധിക്ക് വരെ ബോധ്യപ്പെട്ടെന്നും സരിൻ കുറ്റപ്പെടുത്തി. രേഖകൾ മുൻനിർത്തിയാണ് താൻ വോട്ട് ചേർത്തത്. വോട്ട് ചേർക്കാൻ പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് തനിക്ക് അറിയില്ല. പ്രതിപക്ഷ നേതാവ് ആരോപണം ആവർത്തിച്ചാൽ പരാതി നൽകുമെന്നും വായിൽ തോന്നിയത് വിളിച്ചു പറയുന്ന സ്ഥാനത്തിന്റെ പേരല്ല പ്രതിപക്ഷ നേതാവെന്നും സരിൻ വിമർശിച്ചു.
STORY HIGHLIGHT: fight between vd satheesan and p sarin