വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് ബിജെപി നേതാവും കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായ ശോഭ കരന്തലജെയും കൊല്ലം രൂപതാ ബിഷപ് ഡോ. ആന്റണി മുല്ലശ്ശേരിയും. വഖഫ് ഭൂമി പ്രശ്നം ബാധിച്ച അഞ്ചോളം കുടുംബങ്ങളെ കേന്ദ്രമന്ത്രി നേരിൽക്കണ്ടു. പാർലമെന്റിൽ വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ശോഭ കരന്തലജെ പറഞ്ഞു. കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്നും ശോഭാ കരന്തലജെ ആരോപിച്ചു.
ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിലെവിടെയും വഖഫിനെക്കുറിച്ച് പറഞ്ഞിട്ടില്ല, കേരളത്തിലെ മന്ത്രിമാർ മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിനെതിരെ കർണാടകയിലെ ബിജാപുരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ താൻ നാലു ദിവസം പങ്കെടുത്തിരുന്നു എന്നും അവർ പറഞ്ഞു.
ശോഭ കരന്തലജെ സമരപ്പന്തലിലെത്തിയ ഡോ. ആന്റണി മുല്ലശ്ശേരി സമരം ചെയ്യുന്നവരുമായി സംസാരിക്കുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
STORY HIGHLIGHT: shobha karandlaje about munambam issue