Kerala

വയനാടിനെ കേന്ദ്രം കൈവിട്ടു… ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം

വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ദേശീയ ദുരന്തത്തിന്റെ മാനദണ്ഡത്തിനുള്ളില്‍ വരുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി.

കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരല്‍മല മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തില്‍ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍തന്നെ ദേശീയ ദുരന്തത്തിന്റെ കീഴില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ തുക ഇതില്‍ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

ദുരന്തം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റില്‍ കേന്ദ്ര തലത്തിലെ അംഗങ്ങള്‍ ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.