Food

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ് തയ്യാറാക്കാം

സമീപ വർഷങ്ങളിലായി കേരളത്തിൽ സുലഭമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. പലരും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ഇതിന്റെ ലഭ്യത കൂടി. രുചിക്ക് പുറമേ ആരോഗ്യഗുണങ്ങൾ ഏറെയാണ് ഡ്രാഗൺ ഫ്രൂട്ടിന്. കൊഴുപ്പ് രഹിതവും ഉയർന്ന നാരുകളുമടങ്ങിയ പഴമായതിനാൽ വിശപ്പ് അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും ഈ പഴത്തിന് കഴിയും. വിറ്റാമിൻ-സിയും  ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

ഒരു ഡ്രാഗൺ ഫ്രൂട്ട് മുറിച്ച് അതിന്റെ പൾപ്പ് മുഴുവനായി എടുക്കുക. മൂന്ന് ടീസ്പൂൺ പഞ്ചസാരയോ അല്ലെങ്കിൽ ഒരു ടീസ്പൂൺ തേനോ ചേർക്കുക. ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്ത ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് പകർന്ന് കുടിക്കാം. ആരോഗ്യഗുണങ്ങൾക്ക് കൂടുതൽ നല്ലത് പഞ്ചസാരക്ക് പകരം തേൻ ചേർക്കുന്നതാണ്.