തളിക്കുളം ഹഷിത വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി കണ്ടെത്തി. 2022 ആഗസ്റ്റ് 20 നാണ് സംഭവം നടന്നത്. വിധി നാളെ ഉണ്ടാകുമെന്ന് കോടതി. കേസില്‍ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. മജിസ്ട്രേറ്റ് എന്‍. വിനോദ് കുമാര്‍ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2022 ആഗസ്റ്റ് 20 വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 19 ദിവസം മാത്രം ആയ സമയത്താണ് ബന്ധുക്കളുമായി ഹഷിതയുടെ വീട്ടിലെത്തിയ മുഹമ്മദ് ആസിഫ് മുറിയില്‍ കടന്ന് ബാഗില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വെട്ടിയത്. ശബ്ദം കേട്ട് ഓടിച്ചെന്ന ഹഷിതയുടെ ബാപ്പ നൂറുദ്ദീനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അതിനു ശേഷം കടപ്പുറത്ത് കൂടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ആദ്യഘട്ടത്തില്‍ പ്രതി കടലില്‍ ചാടി എന്ന നിഗമനം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പ്രതി കടന്നു കളഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായി. 50 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ കൊടുങ്ങല്ലൂര്‍ എസിപി ആയിരുന്ന സലീഷ് ശങ്കരന് കേസന്വേഷണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥനോട് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങിച്ച് കൊടുക്കണം എന്ന് വൈകാരികമായി പറഞ്ഞിരുന്നു.