India

മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്‌സ നിയമം ഏര്‍പ്പെടുത്തി

മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സുരക്ഷാ സേനയുടെ സൗകര്യാര്‍ത്ഥം അഫ്‌സ്പ നിയമം കേന്ദ്രം ഏര്‍പ്പെടുത്തി. വംശീയ കലാപം മൂലം അവിടെ തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെക്മായി, ലംസാംഗ്, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്‌സ്പ വീണ്ടും ഏര്‍പ്പെടുത്തിയ പോലീസ് സ്റ്റേഷന്‍ ഏരിയകള്‍. മണിപ്പൂര്‍ സര്‍ക്കാര്‍ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തുടനീളം അഫ്സ്പ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ ആറ് പോലീസ് സ്റ്റേഷന്‍ പരിധികള്‍ ഒഴികെയുള്ള പുതിയ ഉത്തരവ്.

ഇംഫാല്‍, ലാംഫാല്‍, സിറ്റി, സിങ്ജമേയ്, സെക്മായി, ലംസാംഗ്, പാറ്റ്സോയ്, വാംഗോയ്, പൊറോമ്പാട്ട്, ഹീന്‍ഗാങ്, ലാംലായ്, ഇറില്‍ബംഗ്, ലെയ്മഖോങ്, തൗബല്‍, ബിഷ്ണുപൂര്‍, നാംക്, മോയ്റാങ്, എന്നിവയായിരുന്നു മണിപ്പൂര്‍ സര്‍ക്കാരിന്റെ ഒക്ടോബര്‍ ഒന്നിലെ അഫ്സ്പ ചുമത്തിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയ പോലീസ് സ്റ്റേഷനുകള്‍.

മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയും അത്യാധുനിക ആയുധങ്ങളുമായെത്തിയ വിമതര്‍ വിവേചനരഹിതമായി പോലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഉഗ്രമായ ഏറ്റുമുട്ടലില്‍ 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ഒരു ദിവസത്തിനുശേഷം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറ് സാധാരണക്കാരെ അതേ ജില്ലയില്‍ നിന്ന് സായുധരായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള മെയ്റ്റീസിനും സമീപ കുന്നുകള്‍ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകള്‍ക്കുമിടയില്‍ വംശീയ അക്രമത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.