അമ്പലങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കും ആനയെ എഴുന്നള്ളിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമര്‍ശിച്ചു. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത് എന്നും 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആറു മണിക്കൂറിലധികം ആനയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങണമെന്നും ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാതല സമിതി ഉറപ്പുവരുത്തണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ മൂന്ന് ദിവസമെങ്കിലും ആനയ്ക്ക് വിശ്രമം വേണമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
ആനകള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉത്സവ കമ്മിറ്റിക്കാര്‍ തയാറാക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലസൗകര്യം ഇല്ലെങ്കില്‍ ജില്ലാതല സമിതി അനുമതി നല്‍കരുത്. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ ദൂരപരിധി പാലിക്കണം. തീവെട്ടികളില്‍ നിന്നും അഞ്ചു മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. നാട്ടാന പരിപാലനം സംബന്ധിച്ച് സുപ്രീം കോടതി 2015ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സൗകര്യപൂര്‍വം അത് അവഗണിക്കുകയും െചയ്‌തെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയമത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിയമനിര്‍മാണം നടത്തുകയല്ല എന്നും കോടതി തുടക്കത്തില്‍ തന്നെ വ്യക്തമാക്കി.
കേരളത്തില്‍ ആനകളെ ഉത്സവത്തിനും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മതാചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞാണ് പലതും. എന്നാല്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ ആനയെ വാണിജ്യപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഏതെങ്കിലും മതത്തിലെ ആചാരങ്ങള്‍ക്ക് ആനകള്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ മുതല്‍ മേയ് മാസം വരെയുള്ള സമയത്ത് ഒട്ടേറെ ഉത്സവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇവിടെയെല്ലാം തന്നെ ആനകളെ എഴുന്നെള്ളിക്കാറുമുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അവയുടെ ശാരീരികാവസ്ഥകള്‍ പരിഗണിക്കാതെ ആനകളെ ട്രക്കില്‍ കൊണ്ടുപോവുകയാണ്. എത്ര ആനകളെ എഴുന്നള്ളിക്കണം എന്ന കാര്യത്തില്‍ പോലും മത്സരമാണ് പലയിടത്തും.
2018ല്‍ 509 നാട്ടാനകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. 2024 ആകുമ്പോള്‍ ഇവയിലെ 33 ശതമാനം ആനകള്‍ക്കും ജീവന്‍ നഷ്ടമായി. ഇത് വലിയ ആശങ്ക ഉണര്‍ത്തുന്ന കാര്യം തന്നെയാണ്. 2018-34, 2019-19, 2020-22, 2021- 24, 2022-19, 2023-21, 2024- 21. അതായത് 7 വര്‍ഷത്തിനുള്ളില്‍ 160 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ആകെയുള്ള 388 നാട്ടാനകളില്‍ 349 എണ്ണവും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലെ പല ആനകള്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ ഇല്ല എന്നതും വെളിവായിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ആനകളെ വേദനിപ്പിക്കുന്നതും മുറിവോ മറ്റ് പ്രശ്‌നങ്ങളോ കാര്യമാക്കാതെ ജോലി ചെയ്യിക്കുന്നതുമെല്ലാം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ആനയ്ക്ക് ചലിക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്ത കൂട്ടിലും മറ്റും പാര്‍പ്പിക്കുന്നതും ഒരുപാടു സമയം ബന്ധിച്ചിടുന്നതും ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതും ക്രൂരതയില്‍ ഉള്‍പ്പെടും. ആനകളുടെ ഉടമസ്ഥാവകാശമുള്ള ഭരണകൂടം അവ ക്രൂരതയ്ക്ക് വിധേയമാകുന്നില്ല എന്നുറപ്പു വരുത്തണം. നാട്ടാനകള്‍ക്ക് എന്തു ഭക്ഷണക്രമമാണ് പാലിക്കേണ്ടത് എന്നതു സംബന്ധിച്ച് വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ 2019ല്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കുലര്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ആനകളെ എഴുന്നെള്ളിപ്പിന് അനുമതി തേടുന്നവരും ഉടമകളും ഈ സര്‍ക്കുലര്‍ അനുസരിച്ചുള്ള ഭക്ഷണക്രമം ആനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
രോഗം വന്നതും എഴുന്നെള്ളിപ്പിന് ഒട്ടും സാധിക്കാത്ത വിധത്തിലുള്ളതുമായ ആനകള്‍ക്ക് പോലും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്. ആനകളെ പരിശോധിക്കുന്ന വെറ്ററിനറി ഡോക്ടര്‍ക്ക് നിയമത്തില്‍ പറയുന്നത് ‘റജിസ്‌ട്രേഡ് വെറ്ററിനറി പ്രാക്ടീഷ്ണര്‍’, അല്ലെങ്കില്‍ പരിചയസമ്പന്നരായ ‘ആയുര്‍വേദിക് എലഫന്റ് എക്‌സ്‌പേര്‍ട്ട്’ എന്നാണ്. എന്നാല്‍ ഇനി മുതില്‍ ആനകളെ പരിശോധിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ‘സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍’ മാത്രമായിരിക്കണം. 2023ലെ നാട്ടാന പരിപാലന നിയമത്തിന്റെ കരടില്‍ ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ചില ഉത്സവങ്ങളുടെ ഭാഗമായി ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവ ചെയ്യിക്കുന്നത് നടക്കുന്നുണ്ട്. ആനകളെ പിന്നിലെ രണ്ടു കാലില്‍ നിര്‍ത്തി അഭിവാദ്യം ചെയ്യിക്കുന്ന ചടങ്ങ് ‘തിരുനക്കര പൂര’ത്തിന് നടന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനകളെ കൊണ്ട് മത്സരത്തിന്റെ ഭാഗമായി അത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നത് 2001ലെ ‘പെര്‍ഫോമിങ് ആനിമല്‍ (റജിസ്‌ട്രേഷന്‍) നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
പല ഉത്സവങ്ങളും നടക്കുന്നത് കടുത്ത ചൂടുകാലത്താണ്. ആനകളെ അവയ്ക്ക് മുകളില്‍ തണലില്ലാതെ എഴുന്നെള്ളിക്കുന്നത് ക്രൂരതയാണ്. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്ത് നിര്‍ത്താനോ പാടില്ല. ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ ആവശ്യത്തിന് തണല്‍ അവയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനം സംഘാടകര്‍ ചെയ്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2012ലെ നാട്ടാന പരിപാലന നിയമത്തിലെയും 2015ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പുതിയ ചട്ടം രൂപീകരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ചില നിര്‍ദേശങ്ങള്‍ കൂടി തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ആനകളുടെ എഴുന്നെള്ളിപ്പും മറ്റും പരിശോധിക്കുന്നതിന് രൂപീകരിക്കണമെന്ന് 2012ലെ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ജില്ലാതല സമിതി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് നിര്‍ദേശിക്കുന്ന, ജില്ലകളിലെ മൃഗസംരക്ഷണ സംഘടനകളില്‍ നിന്നുള്ള ഒരംഗം ഉള്‍പ്പെട്ടിരിക്കണം. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.