വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
‘ഇത് വെറും അശ്രദ്ധയല്ല. സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതിയാണിത്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചു. അവിടത്തെ പ്രത്യാഘാതങ്ങള്‍ നേരിട്ട് കണ്ടു. എന്നിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും നിര്‍ണായകമായ സഹായങ്ങള്‍ തടയുകയും ചെയ്യുന്നു.
ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും അതുതന്നെ ചെയ്തു. മുന്‍കാലങ്ങളില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഇങ്ങനെ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിട്ടില്ല.” – പ്രിയങ്ക എക്സില്‍ കുറിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചിരുന്നു.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരല്‍മല മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തില്‍ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍തന്നെ ദേശീയ ദുരന്തത്തിന്റെ കീഴില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ തുക ഇതില്‍ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.