ഉന്നത ഉദ്യോഗസ്ഥരെന്നും പറഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മന്‍സിലില്‍ എം.പി ഫഹ്മി ജവാദിനെ(22) ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ വയനാട് വൈത്തിരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പില്‍ ഭാര്‍ഗ്ഗവന്‍ (74) ആണ് തട്ടിപ്പിനിരയായത്. സംഘം തട്ടിയെടുത്ത പണത്തില്‍ 32 ലക്ഷം രൂപ കണ്ടെടുത്തു.
കഴിഞ്ഞ സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയുള്ള തീയതികളിലാണ് പണം തട്ടിയെടുത്തത്. മുംബയ് ടെലികോം സര്‍വീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ ആദ്യം വീഡിയോകോളില്‍ ബന്ധപ്പെട്ടു. ഗള്‍ഫിലായിരുന്ന ഭാര്‍ഗ്ഗവന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ സിം കാര്‍ഡ് എടുത്തിരുന്നുവെന്നും ആ നമ്ബര്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തട്ടിപ്പില്‍ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മുംബയ് പൊലീസാണെന്നു പറഞ്ഞ് മറ്റൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സി.ബി.ഐ ഓഫീസറാണെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചതോടെ ഭയന്നുപോയ ഭാര്‍ഗ്ഗവന്‍, ഇവര്‍ ആവശ്യപ്പെട്ടപ്രകാരം അക്കൗണ്ടുവിവരങ്ങള്‍ കൈമാറി. പിന്നീട് ഭാര്‍ഗ്ഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് അയാളുടെ അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ അക്കൗണ്ടില്‍ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. 3,15,50,000 രൂപയാണ് തട്ടിയെടുത്തത്. ഇക്കാര്യം പുറത്തറിയിക്കരുതെന്നും പുറത്തറിയിച്ചാല്‍ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം മറ്റൊരാളോടും പറഞ്ഞില്ല.
പണം കൈമാറിയ ശേഷമാണ് തട്ടിപ്പാണെന്ന് ഭാര്‍ഗ്ഗവന് മനസിലായത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി. കോടികളുടെ തട്ടിപ്പായതിനാല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിടിയിലായ ഫഹ്മി ജവാദ് തട്ടിപ്പ് സംഘത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ ഒരാളാണ്. പശ്ചിമബംഗാളിലെ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഫ്സാന ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏഴംഗസംഘമാണ് തട്ടിപ്പിന് പിറകിലെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ചിലര്‍ കൊല്ലം ജില്ലക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ടാക്‌സ് ഓഫീസര്‍ എഗാര്‍ വിന്‍സെന്റില്‍ നിന്ന് സമാനരീതിയില്‍ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞിട്ടുണ്ട്.