Kerala

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ഇന്ന് വൈകിട്ട് നടതുറക്കും… ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും

മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ഇന്ന് വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.

ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പമ്പ സന്ദര്‍ശിച്ച ശേഷം ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ ആദ്യബാച്ച് പൊലീസുകാരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈല്‍ ഫോണ്‍ മോഷണം, ലഹരി പദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം.

പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ കാലാവസ്ഥ പ്രവചിക്കാന്‍ സംവിധാനം
പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം ശബരിമലയിലും അവതരിപ്പിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മൂന്ന് ദിവസത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നതിന് പ്രാദേശിക കേന്ദ്രം സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് മഴമാപിനികള്‍ സ്ഥാപിച്ചതായി വ്യാഴാഴ്ച ഐഎംഡി അധികൃതര്‍ അറിയിച്ചു.

ഐഎംഡി റീജിയണല്‍ ഡയറക്ടര്‍ നീത കെ ഗോപാല്‍ പറയുന്നതനുസരിച്ച്, ഈ പ്രവചനങ്ങള്‍ ഉടന്‍ തന്നെ ഐഎംഡിയുടെ തത്സമയ കാലാവസ്ഥാ ബുള്ളറ്റിനുകളായി ‘നൗകാസ്റ്റുകള്‍’ ആയി അവതരിപ്പിക്കപ്പെടും. അമര്‍നാഥ്, ചാര്‍ധാം യാത്രകള്‍ക്കുള്ള ഞങ്ങളുടെ സേവനങ്ങള്‍ക്ക് സമാനമായി ആദ്യമായാണ് ഞങ്ങള്‍ ശബരിമലയ്ക്ക് പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നത്,’ ഗോപാല്‍ പറഞ്ഞു.