ഇനി തണുപ്പ് കാലമാണ്. തണുപ്പുള്ള മാസങ്ങളിൽ ജലദോഷം, ചുമ പോലുള്ള സീസണൽ രോഗങ്ങൾ കൂടുതലായി വരാറുണ്ട്. അതിനാൽ ഈ സമയങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം. ബദാമും ഉണക്കമുന്തിരിയും ഇതിനുള്ള മികച്ച ഭക്ഷണങ്ങളാണ്. ബദാം, ഉണക്കമുന്തിരി കഴിച്ച് ദിവസം തുടങ്ങാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. അതല്ലെങ്കിൽ ദിവസത്തിലെ ഭക്ഷണത്തിനിടയിലെ ലഘുഭക്ഷണമായി കഴിക്കാം. സാധാരണയായി, ശൈത്യകാലത്ത് അവ കുതിർത്ത് കഴിക്കാമോ?. കൊളസ്‌ട്രോളോ ബ്ലഡ് ഷുഗറോ ഉള്ളവർ എത്രമാത്രം കഴിക്കണം? എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഇതിന് മറുപടി നൽകുകയാണ് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യനിസ്റ്റ് നാരംഗ്.
ബദാം രാത്രി മുഴുവൻ കുതിർക്കുന്നത് അവയുടെ ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നു. കുതിർക്കുമ്പോൾ എൻസൈം ഇൻഹിബിറ്ററുകൾ നീക്കം ചെയ്യുന്നു, ബദാമിലെ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ അനുവദിക്കുന്നു. കൂടാതെ, ബദാം കുതിർത്ത് കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഉണക്കമുന്തിരി കുതിർക്കുന്നതിലൂടെ അവയുടെ ദഹനക്ഷമതയും ആന്റിഓക്‌സിഡന്റ് പ്രവർത്തനവും വർധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമാണ്, പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളിൽ. ദിവസവും ഒരു പിടി ബദാം (ഏകദേശം 20-25 ബദാം) കഴിക്കുന്നത് ശരീരഭാരം കൂട്ടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ പ്രതിദിനം അഞ്ച് മുതൽ 10 വരെ ബദാം കഴിക്കണം. ഉണക്കമുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് മിതമായ അളവിൽ കഴിക്കുമ്പോൾ അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകില്ല. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ആളുകൾക്ക് ഒരു പിടി ഉണക്കമുന്തിരി (ഏകദേശം 20-25 ഗ്രാം) സമീകൃതാഹാരത്തിന്റെ ഭാഗമാക്കാം. അമിതമായ പഞ്ചസാരയുടെ ഉപഭോഗം ഒഴിവാക്കാൻ ബദാം പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുമായി ഉണക്കമുന്തിരി സംയോജിപ്പിക്കുക. 5-10 ബദാമും ഒരു ചെറിയ പിടി (ഏകദേശം 10-15) ഉണക്കമുന്തിരിയുമാണ് ശുപാർശ ചെയ്യുന്നത്.