എലിവിഷം ശ്വസിച്ച് ചെന്നൈയില്‍ ഒരു വയസുകാരന് ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചു. ചെന്നൈ കുണ്ട്രത്തൂറിലാണ് സംഭവം. സായ് സുദര്ശന് (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. എലി വിഷം വെച്ച് എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം. കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന മാതാപിതാക്കള്‍ ചികിത്സയിലാണ്. ചെന്നൈ സ്വദേശികളായ ഗിരിധരന്, പവിത്ര ദമ്പതികളുടെ മക്കളാണ് മരിച്ചത്.
തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിക്കുന്നത്. സായ് സുദര്‍ശനും സഹോദരി വിശാലിനിയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. സ്വകാര്യ കീടനിയന്ത്രണ കമ്പനിയാണ് വീട്ടുകാരുടെ ആവശ്യ പ്രകാരം എലി വിഷം വെച്ചത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.