ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആത്മകഥ പാര്‍ട്ടിയുമായി പിണങ്ങിയ കാലത്ത് ഇ പി എഴുതിയതാണെന്നും പിന്നീടാണ് ഡല്‍ഹിയില്‍ വച്ച് ഒത്തുതീര്‍പ്പ് ഉണ്ടായതെന്നും കെ മുരളീധരന് പറഞ്ഞു. ഡിസി ബുക്സ് കള്ളത്തരം ചെയ്യുന്നവരല്ല. പുസ്തകം എഴുതി എന്നുള്ളത് വാസ്തവമാണ്. ഇനിയെന്ത് സര്‍ക്കസ് കളിച്ചാലും അത് കള്ളമാകില്ല. ഡിസി ബുക്സ് വഞ്ചന കാണിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. പാലക്കാട് തെരഞ്ഞെടുപ്പിനെ ആത്മകഥാ വിവാദം ബാധിക്കും.
യുഡിഎഫിന് കിട്ടിയ ഒരു ആയുധമാണ് പുസ്തക വിവാദം. അത് യുഡിഎഫ് ഉപയോഗപ്പെടുത്തുമെന്നും കെ മുരളീധരന് പറഞ്ഞു. വയനാട്ടിലെ പോളിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിക്കണമെന്നും പ്രചാരണത്തിന് അനുസരിച്ചുള്ള ഒരു വോട്ടിംഗ് ഉണ്ടാകുന്നില്ലെന്നും കെ മുരളീധരന് പറഞ്ഞു.
തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന് കഴിഞ്ഞ ദിവസം പരാതി നല്കി. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന് പരാതിയില്‍ ആവശ്യപ്പെട്ടത്.