A young woman sitting in the gallery was injured after being hit by a six by Sanju Samson.
ട്വന്റി20 മത്സരത്തില്‍ സഞ്ജു സാംസണിന്റെ സിക്‌സര്‍ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്കേറ്റത്. പന്തു മുഖത്തു പതിച്ചതിന്റെ വേദനയില്‍ കണ്ണീരോടെ നിന്ന യുവതിക്ക് സമീപത്തുനിന്നും. ആരോ ഐസ് ക്യൂബ് എത്തിച്ചുകൊടുത്തു. ഈ ഐസ്‌ക്യൂബും മുഖത്തുചേര്‍ത്തുവച്ച് യുവതി കണ്ണീരോടെ നില്‍ക്കുന്ന ദൃശ്യം മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉടന്‍ വൈറലാവുകയും ചെയ്തു.
പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടു ഡക്കുകള്‍ക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ താരം, അര്‍ധസെഞ്ചറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10-ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ ദേഹത്തു പതിച്ചത്. സ്റ്റബ്‌സിന്റെ ഓവര്‍ ആരംഭിക്കുമ്പോള്‍ 27 പന്തില്‍ 46 റണ്‍സുമായി സഞ്ജുവായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ലോങ് ഓണിനു മുകളിലൂടെ തകര്‍പ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി.
അര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ അടുത്ത പന്തിലും സഞ്ജു സിക്‌സര്‍ അടിച്ചു. ഇത്തവണ ഡീപി മിഡ്വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തു തട്ടി യുവതിയുടെ മുഖത്തു പതിച്ചു.