ചാമ്പക്ക അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ കഴുകി മുറിച്ച് വെച്ച ചാമ്പക്ക കഷണങ്ങൾ അതിലിട്ട് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പാനിലെ വെള്ളമെല്ലാം ഒന്ന് വലിഞ്ഞ് ചാമ്പക്ക സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വീണ്ടും മറ്റൊരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കടുക്, ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, ഒരു ടേബിൾ സ്പൂൺ അളവിൽ മുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ പൊടികളോടൊപ്പം തന്നെ അല്പം ഉലുവ പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ വിനഗർ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച ചാമ്പക്ക കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.