ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത മുനമ്പം വിഷയത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ) ജനറല്‍ ബോഡി യോഗം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ക്രൈസ്തവര്‍ ഉള്‍പ്പെടെ ഇപ്പോഴും രാജ്യത്തു വിവേചനം നേരിടുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി അവര്‍ക്ക് അന്യമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ സിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍ അല്‍മായരുടെ സവിശേഷ പങ്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണു സമ്മേളനം. അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ കത്തോലിക്കാ സഭയിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ സഭകളിലെ രൂപതാധ്യക്ഷര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 220 പേര്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് നടന്ന കുര്‍ബാനയില്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികനായി. 16ന് രാവിലെ ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട സന്ദര്‍ശനം. 6.45നു ഭരണങ്ങാനത്തു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. 17നു രാവിലെ 6.45നു സിറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. ഉച്ചയ്ക്കു 12നു സമാപന സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയാകും.