ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച പാലക്കാടെത്തും. രണ്ട് ദിവസത്തെ പര്യടനത്തിനാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. ഇടതുമുന്നണിയുടെ ആറ് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി, കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ മുഖ്യമന്ത്രിയെത്തുന്നത് മേല്‍ക്കൈ നേടിത്തരുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഒരാള്‍ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാള്‍ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജന് പറഞ്ഞിരുന്നു. യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങള്‍ താന്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുമില്ല, എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചു.
സരിനെന്ന് പറഞ്ഞയാളെ ഇപിക്ക് അറിയാമോയെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ സരിന് പുതുതായി വന്നയാളാണ്, മിടുക്കനാണെന്നും
നേരത്തെ സരിന് മറ്റൊരു ചേരിയിലായിരുന്നല്ലോ എന്നും പറഞ്ഞു. സരിനെ എനിക്കറിയില്ല എനിക്കറിയാത്തയാളെ ക്കുറിച്ച് താന്‍ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ഇപി പറഞ്ഞിരുന്നത്, സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അറിയാത്ത കാര്യം പരാമര്‍ശിക്കേണ്ട പ്രശ്നം എന്റെ മുന്നില്‍ വരുന്നില്ലല്ലോ എന്നായിരുന്നു ജയരാജന്റെ മറുപടി. ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.