India

900 കോടി രൂപയുടെ കൊക്കെയ്ന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു

900 കോടി രൂപയുടെ കൊക്കെയ്ന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വെള്ളിയാഴ്ച ഡല്‍ഹിയില്‍ പിടിച്ചെടുത്തു. 80 കിലോഗ്രാം കൊക്കെയ്‌നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. ലഹരി വിമുക്ത ഇന്ത്യയ്ക്കുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും മയക്കുമരുന്ന് റാക്കറ്റുകള്‍ക്കെതിരായ നിഷ്‌കരുണം വേട്ട തുടരുമെന്ന് പറയുകയും ചെയ്തു.

എന്‍സിബിയും ഇന്ത്യന്‍ നേവിയും ഗുജറാത്ത് എടിഎസും ചേര്‍ന്ന് ഗുജറാത്ത് തീരത്ത് നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടികൂടിയതിന് പിന്നാലെയാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.

ഒറ്റ ദിവസം കൊണ്ട് അനധികൃത മയക്കുമരുന്ന് റാക്കറ്റുകള്‍ക്കെതിരെ വലിയ മുന്നേറ്റങ്ങള്‍ നടത്തിയതിന് എന്‍സിബിയെ അമിത് ഷാ ട്വീറ്റില്‍ അഭിനന്ദിച്ചു.
‘ഒറ്റദിവസത്തിനുള്ളില്‍ നിയമവിരുദ്ധ മയക്കുമരുന്നിനെതിരെയുള്ള വലിയ മുന്നേറ്റങ്ങള്‍ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സര്‍ക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയം തെളിയിക്കുന്നു. എന്‍സിബി ഇന്ന് ന്യൂഡല്‍ഹിയില്‍ 82.53 കിലോഗ്രാം ഉയര്‍ന്ന ഗ്രേഡ് കൊക്കെയ്ന്‍ കണ്ടുകെട്ടി,’ അദ്ദേഹം പറഞ്ഞു.