Kerala

പീരുമേടില്‍ കാട്ടാന നില്‍ക്കുന്നതു കണ്ട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

പീരുമേട് മരിയഗിരി സ്‌കൂളിനു സമീപം കാട്ടാന നില്‍ക്കുന്നതു കണ്ടതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും മകള്‍ക്കുമാണ് പരുക്കേറ്റത്. തമിഴ്‌നാട് ഉത്തമപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ (27), ഭുവനേശ്വരി (22), മകള്‍ ഉദയശ്രീ (2) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എഴരയോടെയാണു സംഭവം. കാട്ടാന ദേശീയപാതയിലേക്കു കടക്കാതിരിക്കുന്നതിനായി പട്രോളിങ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന വനപാലകരാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെയും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേശീയപാതയോരത്തു സ്‌കൂളിനു സമീപം വിദ്യാര്‍ഥികളുടെ നേരെ പാഞ്ഞുവന്ന അതേ കാട്ടാന അതേ സ്ഥലത്തു ബൈക്ക് യാത്രക്കാരനെ വിരട്ടിയോടിച്ചു. രാവിലെ എട്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനം മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ലൈബ്രേറിയന്‍ ജോസ് സെബാസ്റ്റ്യനാണ് ആനയുടെ കണ്‍മുന്നില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മകളെ പീരുമേട്ടിലെ ട്യൂഷന്‍ ക്ലാസില്‍ എത്തിച്ച ശേഷം തട്ടാത്തിക്കാനത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ജോസ്. മരിയഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തു കൂടിയുള്ള പാതയിലൂടെ വീട്ടിലേക്കു പോകുന്നതിനു ദേശീയപാതയില്‍നിന്നു ബൈക്ക് തിരിക്കാന്‍ ജോസ് ശ്രമിക്കുമ്പോഴാണ് ആന തൊട്ടുമുന്നിലൂടെ കയറി വരുന്നത് കണ്ടത്. പെട്ടെന്നു ദേശീയപാതയിലേക്കു തന്നെ ബൈക്ക് തിരിച്ച ജോസിന്റെ നേരെ ആന നീങ്ങിയെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു.