പണ്ടത്തെ മലയാള സിനിമയും ഇന്നത്തെ സിനിമയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടന് മധു. എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ കണ്ട് തൃപ്തിപ്പെടാന്‍ സാധിക്കുന്നില്ലെന്നും ചില സീനുകളൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതാണെന്നും മധു പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന നടന്റെ പ്രതികരണം.
അജയന്റെ രണ്ടാം മോഷണമാണ് അവസാനമായി കണ്ട സിനിമ. എനിക്ക് ആ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിലപ്പോള്‍ ജനറേഷന് ഗാപ് ആയിരിക്കാം. അടിപിടികളൊക്കെ എങ്ങനെയാണ് തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ. എത്ര അടി കിട്ടിയാലും വീണ്ടും വന്ന് അടിക്കുന്നതൊക്കെ കണ്ട് തൃപ്തിപ്പെടാന്‍ എനിക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം- മധു പറഞ്ഞു.
പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് തിയേറ്ററില്‍ വന്നതിന് ശേഷം മാത്രമേ അത് മുഴുവനായി കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഓരോ സീന്‍ കഴിയുമ്ബോഴും നമുക്കത് കാണാനും കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കും. കാലം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറും. അന്ന് കാരവാനിനൊന്നും ഒരു സാധ്യതയും ഇല്ലായിരുന്നു. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. ഇന്നത്തേത് പോലെ ചെറിയ ഇടവേള കിട്ടുമ്ബോള് തന്നെ ഫോണ്‍ ഉപയോഗിക്കുന്ന രീതിയൊന്നും അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.