Sports

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ ബാറ്റിങ് കരുത്തിന്റെ പ്രദര്‍ശനമായി മാറിയ മത്സരത്തില്‍ 135 റണ്‍സിനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. കെബര്‍ഹയില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

29 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 43 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 36 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 54 പന്തില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. മാര്‍ക്കോ യാന്‍സന്‍ 12 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം കൂട്ടത്തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് എത്തുമ്പോഴേയ്ക്കും ഡഗ്ഔട്ടില്‍ തിരിച്ചെത്തിയത് നാലു മുന്‍നിര ബാറ്റര്‍മാര്‍! ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് (രണ്ടു പന്തില്‍ 0), റയാന്‍ റിക്കിള്‍ടന്‍ (ആറു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം (എട്ടു പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട്), ഹെന്റിച് ക്ലാസന്‍ (0) എന്നിവരാണ് ആദ്യ മൂന്ന് ഓവറിലായി പവലിയനില്‍ തിരിച്ചെത്തിയത്. ഇവരില്‍ മൂന്നു പേരെയും പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ച് ട്രിസ്റ്റന്‍ സ്റ്റബ്‌സ് നടത്തിയ രക്ഷാപ്രവര്‍ത്തനാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. നിലയുറപ്പിച്ച ശേഷം തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ചറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. നാലാം വിക്കറ്റില്‍ 54 പന്തില്‍ 86 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. ഇതിനു പിന്നാലെ, തുടര്‍ച്ചയായ പന്തുകളില്‍ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക് വഴിമാറി.