മണര്‍കാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍കാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44) അരീപ്പറമ്പ് മൂലേപ്പീടിക ഭാഗത്ത് കൃഷിയിടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദിനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ബിന്ദുവിന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രമോദിനെ കോടതി റിമാന്‍ഡ് ചെയ്തു.
25ന് മൂലേപ്പീടികയില്‍ താമസിക്കുന്ന ഭര്‍തൃസഹോദരന്റെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 5ന് കാണാതെയായി. പിറ്റേദിവസമാണ് ഷെഡില്‍ മൃതദേഹം കണ്ടത്. പൊന്‍കുന്നം ഡിവൈഎസ്പി അനില്‍ കുമാര്‍, മണര്‍കാട് എസ്എച്ച്ഒ അനില്‍ ജോര്‍ജ്, സബ്ഇന്‍സ്പെക്ടര്‍ സജീര്‍, അസി.സബ് ഇന്‍സ്പെക്ടര്‍ സുനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തോമസ് രാജു, സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.