മനുഷ്യരാശിയുടെ പ്രാരംഭ കാലം മുതൽ വേദന ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നും ദേശീയ ആരോഗ്യ നയം അതുകൊണ്ടാണ് പാലിയേറ്റീവ് കെയറിന് പ്രാധാന്യം നൽകുന്നത് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.അമൃത റീജനറൈറ്റീവ് പെയിൻ മെഡിസിൻ & വെൽനസ് ക്ലിനിക്കിൻ്റെയും സപ്പോർട്ട് ഗ്രൂപ്പിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗവർണർ.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ ഡോക്ടർമാരുടെ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയായ അമൃത ആന്വൽ റിവ്യൂ ഇൻ പാലിയേറ്റീവ് മെഡിസിൻ പ്രോഗ്രാമിന്റെയും പെയിൻ ആന്റ് പാലിയേറ്റിവ് രോഗികൾക്കായുള്ള സപ്പോർട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. കർമ്മമാണ് ആരാധനയെന്ന തത്വത്തെ അമൃത പ്രവർത്തിയിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഉപജീവനത്തിന് വേണ്ടി മാത്രമുള്ളതാവരുതെന്ന് മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ പങ്കുവെച്ച ഗവർണർ, ആരോഗ്യ രംഗത്തെ ഗവേഷണത്തിൽ അമൃതയെ മുൻപന്തിയിൽ എത്തിച്ചത് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ആണെന്നും ഓർമിപ്പിച്ചു. കേരളത്തിലെ മുതിർന്ന വ്യക്തികളുടെയും ജനിതകരോഗങ്ങളുള്ള ആളുകളുടെയും എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അനഘാമൃതാനന്ദ പുരി, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ വി ബീന, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസർ ഡോ. വെസ്‌ലി എം ജോസ്, പെയിൻ ആന്റ് പാലിയേറ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭാ നായർ എന്നിവരും സംസാരിച്ചു.
കൊച്ചി അമൃത ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ കീഴിലാണ് റീജനറൈറ്റീവ് പെയിൻ മെഡിസിൻ & വെൽനസ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.