കോളിവുഡിൽ താരപ്പോര്. ധനുഷിന് നയന്‍താര എഴുതിയ ഓപ്പണ്‍ ലെറ്ററാണ് ഇപ്പോള്‍ സിനിമാ ലോകത്തെയും ആരാധകരുടെയും പ്രധാന ചര്‍ച്ചാ വിഷയം. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസാകാന്‍ പോകുന്ന നയന്‍താരയുടെയും വിഘ്‌നേശിന്റെയും പ്രണയത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത സിനിമയാണ് ധനുഷ് നിര്‍മിച്ച് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡിതാന്‍’ എന്ന ചിത്രം. ചിത്രത്തിലെ ചില ക്ലിപ്‌സുകളും, പാട്ടും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ കുറിച്ചാണ് നയന്‍താരയുടെ ഓപ്പണ്‍ ലെറ്റര്‍.
കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന ധനുഷ് പകവീട്ടുകയാണെന്ന് നയന്‍താര പറയുന്നു. 2016 ലെ ഫിലിംഫെയറില്‍ തന്നെ അപമാനിച്ചതടക്കം ഒന്നും മറക്കില്ല എന്നും താരം ഓപ്പണ്‍ ലെറ്ററില്‍ കുറിച്ചിരുന്നു. എന്താണ് അന്ന് സംഭവിച്ചത് എന്ന് തിരയുകയാണ് ഇപ്പോൾ ആരാധകര്‍.
2016 ല്‍ നടന്ന ഫിലിം ഫെയറില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്‌കാരം. നാനും റൗഡിതാന്‍, കാക്ക മുട്ടൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ധനുഷിമ് മികച്ച പ്രൊഡ്യൂസര്‍ക്കുള്ള പുരസ്‌കാരവും ആ വേദിയില്‍ ലഭിച്ചിരുന്നു. ആദ്യം പുരസ്‌കാരം സ്വീകരിക്കാനായി ക്ഷണിക്കപ്പെട്ട ധനുഷ്, കാക്കമുട്ടൈ എന്ന സിനിമയെ കുറിച്ചും അതില്‍ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷിനെ കുറിച്ചും വാചാലയായി. ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ചുള്ള ധനുഷിന്റെ ഓരോ വാക്കും നയന്‍താരയ്ക്ക് എതിരെയുള്ള കൊട്ടായിരുന്നു.
കാരണം, ആ കാലത്ത്, നയന്‍താര – വിക്കി പ്രണയം കൊടുംബിരി കൊണ്ടു നില്‍ക്കുകയായിരുന്നു. ഇവരുടെ പ്രണയം കാരണം ഷൂട്ടിങ് നീണ്ടുപോയി എന്നും നിര്‍മാതാവിന് വലിയ തുക നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ള ഗോസിപ്പുകളും അന്ന് ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ച് ധനുഷ് പറഞ്ഞ ഓരോ വാക്കും നയന്‍താരയ്‌ക്കെതിരെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടായിരുന്നില്ല.
തുടര്‍ന്ന്, മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ നയന്‍താര പരസ്യമായി ധനുഷിനോട് മാപ്പ് പറയുകയും ചെയ്തു. നാനും റൗഡിതാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ പുരസ്‌കാരം, ഇതിന് തന്നെ പ്രാപ്തയാക്കിയ സംവിധായകനും, നായകനും അടക്കം ഓരോ ടെക്‌നീഷ്യനും നയന്‍താര നന്ദി പറഞ്ഞു. അവസാനം ധനുഷിനോട് സോറിയും. അദ്ദേഹത്തിന് എന്റെ പെര്‍ഫോമന്‍സ് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുറപ്പാണ്, അതുകൊണ്ട് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് അന്ന് നയന്‍താര പറഞ്ഞും വൈറലായിരുന്നു.
സിനിമ റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷവും, ഈ സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങളുമായി എങ്കിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് താരം പുറത്തുവിട്ട കത്തിലൂടെ വ്യക്തം. ധനുഷിനോടൊപ്പം അഭിനയിച്ച താരങ്ങളടക്കം നിരവധി പേര് നയൻതാര പങ്കുട്ടിവെച്ച കത്തിന് പിന്തുണയുമായി എത്തിയിരുന്നു.
STORY HIGHLIGHT: Nayanthara vs Dhanush controversy