ആലപ്പുഴയിൽ മോഷണ പരമ്പര തുടർക്കഥയായതിന് പിന്നാലെ ആരാണ് ഈ കുറുവ സംഘം എന്ന സംശയം എല്ലാവരിലും ഉടലെടുത്തിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ മോഷണം കൂലിത്തൊഴിൽ ആയി സ്വീകരിച്ച ഒരു കൂട്ടർ എന്നത് തന്നെയാണ് ശരിയായ ഉത്തരം. ആയുധധാരികളായ സംഘം എന്നാണ് ഈ വാക്കിന്റെ യഥാർത്ഥ അർത്ഥം. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് സംഘത്തിലെ പ്രധാനികൾ. ചെന്നൈ രാംജി നഗറിൽ ഒരു തിരുട്ട് ഗ്രാമമുണ്ട്. ഇവിടെയുള്ള ഒരു കൂട്ടമാണ് കുറുവ സംഘം. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളിൽവെച്ച് ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരികുറുവാ. തിരുട്ട് ഗ്രാമങ്ങളിലുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും വരെ മോഷണം തൊഴിലായി സ്വീകരിച്ചവരാണ്. രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് നല്ല മുഹൂർത്തം നോക്കി മോഷണത്തിന് ഇറങ്ങും. 500 കുടുംബങ്ങൾ എങ്കിലും ഈ തിരുട്ട് ഗ്രാമത്തിൽ ഉണ്ടെന്നാണ് കണക്ക്. രാംജി നഗർ, തിരുച്ചി, രാമനാഥപുരത്തെ സിക്കൽ, മാനമധുരൈ എന്നിവയെല്ലാം തിരുട്ട് ഗ്രാമങ്ങളിൽ പെടും. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങളും മെയ്‌ക്കരുത്തും ഇക്കൂട്ടർക്കുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോഗിക്കും.
മൂന്ന് പേരടങ്ങുന്ന സംഘങ്ങളായി അർധ നഗ്നരായി ശരീരത്തിൽ മുഴുവൻ എണ്ണയും കരിയും പൂശിയാണ് കുറുവ സംഘം മോഷണത്തിന് ഇറങ്ങുന്നത്. പിടിക്കപ്പെട്ടാൽ അളുകളുടെ കൈയിൽ നിന്നും വഴുതിപ്പോവുക എന്നതാണ് ഇങ്ങനെ വരുന്നത് കൊണ്ട് അവർക്കുള്ള ഗുണം. കണ്ണുകൾ മാത്രം കാണാവുന്നതരത്തിൽ തുണികൊണ്ട് മുഖം മറച്ചിരിക്കും. സ്ത്രീകളുൾപ്പടെയുള്ള കുറുവ സംഘം പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടന്നാണ് ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്തുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്ന് ഉചിതമായ സമയം എത്തുമ്പോഴാണ് മോഷണം. ആളില്ലാത്ത വീടാണെങ്കിൽ വീടിന്റെ പിന്നിലെ വാതിൽ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പ്രായമായവർ ഉള്ള വീടാണെങ്കിൽ വീടിന്റെ പുറത്ത് ടാപ്പ് തുറന്ന് വെള്ളം ഒഴുക്കുക, റെക്കോർഡ് ചെയ്തുവെച്ച കുഞ്ഞിന്റെ കരച്ചിൽ ശബ്ദം ഉറക്കെ കേൾപ്പിക്കുക. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തി വീടിനകത്ത് കയറി മോഷണം നടത്തും. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തിൽ കത്തിവച്ച് ഭയപ്പെടുത്തിയും സ്വർണവും പണവും കൈക്കലാക്കും. മോഷണ ശേഷം തിരികെ തിരുട്ട് ഗ്രാമത്തിലേക്ക് മടങ്ങും