നമ്മുടെയൊക്കെ കുട്ടിക്കാലം ഓർക്കുമ്പോൾ അതിൽ മിഠായികൾക്ക് ഒരു പ്രധാന പങ്കുണ്ടാകും. അതിൽ തേൻമിഠായിയുടെ ഓർമകളുടെ തട്ട് എന്നും താഴ്ന്നു തന്നെയിരിക്കും. നൊസ്റ്റാൾജിയയിലേക്ക് ഒന്ന് തിരിച്ചു പോകാൻ ആ തേൻമിഠായി ഉണ്ടാക്കിനോക്കാം. ഒരു കപ്പ് പച്ചരി,
കാൽ കപ്പ് ഉഴുന്ന്, അൽപ്പം വെള്ളം, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, കാൽ ടീസ്പൂൺ ഉപ്പ്, റെഡ് ഫുഡ് കളർ എന്നിവയാണ് വേണ്ടത്. അരിയും ഉഴുന്നും 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിന് ശേഷം അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. 20 മിനിറ്റ് മൂടി വയ്ക്കാം.
ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ നാരങ്ങാനീർ കൂടി ചേർത്ത് വാങ്ങി വയ്ക്കാം. ഇനിനേരത്തെ തയ്യാറാക്കി വച്ച മാവിലേക്ക് ബേക്കിംഗ് സോഡ, ഉപ്പ്, കളർ എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കാം. സ്പൂണും വിരലും നനച്ചശേഷം സ്പൂണിൽ കുറച്ചു മാത്രം മാവെടുത്ത്, നനച്ച വിരൽ കൊണ്ട് മാവ് ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം. ഇനി ഇത് ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടു 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം പുറത്തെടുത്ത് തരിയായി പൊടിച്ച പഞ്ചസാരയിൽ ഉരുട്ടി എടുത്ത് കഴിക്കാം.